പൂക്കോട്ടൂര്‍ - ഒറ്റ നോട്ടത്തില്‍
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് 1956 ഒക്ടോബര്‍ 11-ാം തിയതി രൂപീകൃതമായി. 20.63 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കു ഭാഗത്ത് മഞ്ചേരി മുനിസിപ്പാലിറ്റിയും, പടിഞ്ഞാറ് മൊറയൂര്‍ പഞ്ചായത്തും, വടക്ക് പുല്പ്പറ്റ പഞ്ചായത്തും തെക്ക് മലപ്പുറം മുനിസിപ്പാലിറ്റിയുമാണ്. 2001 ലെ സെന്‍ സസ് അനുസരിച്ച് പഞ്ചായത്തിന്റെ ആകെ ജനസംഖ്യ 31754 ആണ്. 90% ആണ് ഇവിടുത്തെ സാക്ഷരതാ നിരക്ക്. പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച രക്തസാക്ഷി സ്മാരകം പഞ്ചായത്തിന്റെ എടുത്തു പറയാവുന്ന ഒരു പ്രധാന ആകര്‍ഷണമാണ്. തട്ടപ്പറമ്പ് മല, മേമാട് മല, മാണിക്യംപാറ, മൈലാടി കുന്ന് തുടങ്ങി കുന്നുകളും മലകളും ഉള്‍പ്പെടുന്ന ഈ പഞ്ചായത്ത് ഭൂപ്രകൃതി അനുസരിച്ച് ഇടനാടില്‍ ഉള്‍ പ്പെടുന്നു. നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, മരച്ചീനി എന്നിവയൊക്കെയാണ് പ്രധാന കൃഷിവിളകള്‍. പഞ്ചായത്തിലെ എട്ടോളം വരുന്ന കുളങ്ങളാണ് പ്രധാന ജലസ്രോതസ്സുകള്‍. പഞ്ചായത്തില്‍ ശുദ്ധജല ലഭ്യതയ്ക്കായി 6 പൊതുകിണറുകളാണുള്ളത്. പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 293 തെരുവ് വിളക്കുകള്‍ പഞ്ചായത്തില്‍ രാത്രിയാത്ര സാധ്യമാക്കുന്നു. നാഷണല്‍ ഹൈവേ 213, മഞ്ചേരി-നിലമ്പൂര്‍ സംസ്ഥാന പാത എന്നിവ പഞ്ചായത്തിലൂടെ കടന്ന് പോകുന്നുണ്ട്. മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി ബസ് സ്റ്റാന്റുകളെ കേന്ദ്രീകരിച്ചാണ് ഇവിടുത്തെ റോഡ് ഗതാഗതം പ്രധാനമായും നടക്കുന്നത്. പഞ്ചായത്ത് നിവാസികള്‍ റെയില്‍ യാത്രയ്ക്കായി തിരൂര്‍ റെയില്‍ വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. വിദേശയാത്രയ്ക്കായി പഞ്ചായത്തിലെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത് പഞ്ചായത്തില്‍ നിന്ന് 15 കി.മീ അകലെയുള്ള കരിപ്പൂര്‍ വിമാനത്താവളമാണ്. ബേപ്പൂരാണ് പഞ്ചായത്തിന്‍ അടുത്തുള്ള തുറമുഖം. പറയത്തക്ക വന്‍ കിട വ്യവസായങ്ങള്‍ ഒന്നുംതന്നെ പഞ്ചായത്തിലില്ല. സി. എഫ്. എല്‍ നിര്‍മ്മാണം, പി. വി. സി പൈപ്പ് നിര്‍മ്മാണം തുടങ്ങി ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ ഇവിടെ ധാരാളമായുണ്ട്. പരമ്പരാഗത വ്യവസായമായ മണ്‍പാത്രനിര്‍മ്മാണവും പഞ്ചായത്തിന്റെ വ്യവസായ മേഖലയില്‍ എടുത്തു പറയാവുന്നതായുണ്ട്. ഭാരത് പെട്രോളിയത്തിന്റെ 2 ബങ്കുകള്‍ വെള്ളുവമ്പ്രം, പിലാക്കല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. വെള്ളുവമ്പ്രത്ത് തന്നെ ഇന്ത്യന്‍ ഓയിലിന്റെയും ഒരു ബങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളുവമ്പ്രം, പുല്ലാര, പൂക്കോട്ടൂര്‍, അറവങ്കര, വെള്ളൂര്‍ എന്നിവ പ്രധാന വ്യാപാരകേന്ദ്രങ്ങളാണ്. അറവങ്കരയില്‍ പഞ്ചായത്ത് വക ഒരു മത്സ്യ-മാംസ മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ വ്യാപാര രംഗത്ത് ഒരു ഷോപ്പിംഗ് കോംപ്ലക്സും പ്രവര്‍ത്തിക്കുന്നുണ്ട്. ഹിന്ദു-മുസ്ലീം-ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പഞ്ചായത്തിലുണ്ട്. നാനമത വിഭാഗക്കാരുടെ ഇരുപത്തിയഞ്ചിലധികം വരുന്ന ആരാധനാലയങ്ങളും ഇവിടെയുണ്ട്. ഈ ആരാധനാലയങ്ങളിലെ പെരുന്നാളുകള്‍, നേര്‍ച്ചകള്‍ ഉത്സവങ്ങള്‍ തുടങ്ങി എല്ലാ ആഘോഷങ്ങളും നാനാജാതി മതവിഭാഗക്കാരുടെ സഹായസഹകരണങ്ങളോടെ നടത്തപ്പെടുന്നു. രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളില്‍ സജീവമായിരുന്ന കാരാട്ട് മുഹമ്മദ് ഹാജി, വേലുക്കുട്ടി മാസ്റ്റര്‍ എന്നിവര്‍ പഞ്ചായത്തിലെ പ്രശസ്തരായ വ്യക്തികളായിരുന്നു. വെള്ളുവമ്പ്രയിലെ യുവധാര ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്, ആലഞ്ഞുപ്പറ്റയിലെ കശ്മീര്‍ യൂത്ത് ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്, മുതിരപ്പറമ്പുള്ള ഫ്യൂമ ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്, തുടങ്ങി പത്തോളം ക്ലബുകളും, മൂച്ചിക്കല്‍ സാംസ്കാരിക നിലയം, വെള്ളുവമ്പ്രത്തുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രന്ഥാലയം തുടങ്ങിയവയൊക്കെ പഞ്ചായത്തിലെ കലാകായിക സാംസ്കാരിക പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങളാണ്. വെള്ളുവമ്പ്ര ഗവണ്‍ മെന്റ് ആശുപത്രി, അറവങ്കര പ്രൈമറി ഹെല്ത്ത് സെന്റെര്‍, അത്താണിക്കര, പുല്ലാര, മുണ്ടിതൊടിക എന്നിവിടങ്ങളിലുള്ള പ്രാഥമികാരോഗ്യ ഉപകേന്ദ്രങ്ങള്‍ ഇവയൊക്കെയാണ് പഞ്ചായത്തിന്റെ ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍. അത്താണിക്കലുള്ള പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ആംബുലന്‍സ് സേവനവും ഇവിടെ ലഭിക്കുന്നുണ്ട്. എം.ഐ.സി സ്ക്കൂള്‍, അത്താണിക്കല്‍ പി. കെ. എം. ഐ. സി സ്ക്കൂള്‍, മുതിരപ്പറമ്പ് ഗവണ്‍ മെന്റ് യു. പി. എസ്, പൂക്കോട്ടൂര്‍ ഗവണ്‍ മെന്റ് എച്ച്. എസ്. എസ്, വെസ്റ്റ് മുതിരപ്പറമ്പിലുള്ള എം. എ. എല്‍. പി. എസ് തുടങ്ങി സര്‍ക്കാര്‍ സര്‍ക്കാരേതര മേഖലകളിലെ പതിനഞ്ചോളം സ്ക്കൂളുകള്‍ പഞ്ചായത്തിലെ വിദ്യാഭ്യാസ രംഗത്തെ പുരോഗതിയിലേക്ക് നയിക്കാനായി പ്രവര്‍ത്തിക്കുന്നുണ്ട്. ആശ്രയമില്ലാത്തവരെ സംരക്ഷിക്കാനായി മുസ്ലിയാര്‍ പീടിക, ഇല്യോംപ്പറമ്പ് എന്നിവിടങ്ങളില്‍ അഗതി മന്ദിരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാനറാ ബാങ്കിന്റെ ഒരു ശാഖ പഞ്ചായത്തിലെ വെള്ളുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്നു. പൂക്കോട്ടൂര്‍ തന്നെ മലബാര്‍ ഗ്രാമീണ ബാങ്കിന്റെ ഒരു ശാഖയുമുണ്ട്. സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രധാന സ്ഥാപനങ്ങളാണ് വെള്ളുവമ്പ്രം സര്‍വ്വീസ് സഹകരണ ബാങ്ക്, പൂക്കോട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, മഞ്ചേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് തുടങ്ങിയവ. പഞ്ചായത്ത് വക ഒരു ആഡിറ്റോറിയവും സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു കല്യാണ മണ്ഡപവും പഞ്ചായത്തിലെ അറവങ്കരയില്‍ പ്രവര്‍ ത്തിക്കുന്നുണ്ട്. നിരവധി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. വൈദ്യുതബോര്‍ഡ് ഓഫീസും, ടെലഫോണ്‍ എക്സ് ചേഞ്ചും വെള്ളുവമ്പ്രത്താണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിന്റെ വില്ലേജ് ഓഫീസ് പുല്ലാരയില്‍ സ്ഥിതി ചെയ്യുന്നു. അറവങ്കരയാണ് കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നത്. പൂക്കോട്ടൂര്‍, വെള്ളുവമ്പ്രം, വെള്ളൂര്‍ എന്നിവിടങ്ങളിലായി പോസ്റ്റോഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് പൂക്കോട്ടൂര്‍ പഞ്ചായത്ത് ഉള്‍ പ്പെടുന്നത്.
Labels:
ഒറ്റ നോട്ടത്തില്‍