ചരിത്രം
1956-ല്‍ പൂക്കോട്ടൂരംശം മാത്രം ഉള്‍പ്പെടുത്തി രൂപം കൊണ്ട പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ പിന്നീട് വള്ളുവമ്പ്രം അംശവും ഉള്‍ക്കൊണ്ടു. കറുത്തേടത്ത് അബ്ദുവിനെ ബില്‍-കളക്ടര്‍ കം പ്യൂണായി നിയമിച്ചു. തദ്ദേശവാസികള്‍ കൂട്ടം കൂടിയിരുന്ന് അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് ആദ്യപ്രസിഡന്റായ കാരാട്ട് മുഹമ്മഹാജിയെ തെരഞ്ഞെടുത്തത്. പുല്ലാര ഭഗവതി ക്ഷേത്രം, ചോഴക്കാട് ക്ഷേത്രം തുടങ്ങി ഒട്ടനവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 1921-ല്‍ ചരിത്ര പ്രസിദ്ധമായ പൂക്കോട്ടൂര്‍ യുദ്ധം നടന്നു. പൂക്കോട്ടൂര്‍ യുദ്ധസ്മാരക ഗെയിറ്റ് ഇവിടുത്തെ പ്രധാന ചരിത്ര സ്മാരകമാണ്. പൂക്കോട്ടൂരിലെ ഭൂമിയുടെ 60 ശതമാനവും നിലമ്പൂര്‍ കോവിലകം വകയായിരുന്നു. പഴയ മലബാറിലെ ഏറനാടിന്റെ ഭാഗമായ ഈ ഗ്രാമത്തിന് ബ്രിട്ടീഷ് സാമ്രാജ്യ വാഴ്ചയുടെയും ഫ്യൂഡല്‍ പ്രഭുവര്‍ഗ്ഗസര്‍വ്വാധിപത്യത്തിന്റെയും തിക്താനുഭവങ്ങള്‍ വേണ്ടുവോളമുണ്ട്. ഖിലാഫത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് കെ.മാധവന്‍ നായര്‍, യു.ഗോപാലമേനോന്‍ തുടങ്ങി ഒട്ടനവധി നേതാക്കള്‍ ഇവിടെ സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. വടക്കേ വീട്ടില്‍ മുഹമ്മദ് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സെക്രട്ടറിയായി. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ബ്രിട്ടനു നേരിടേണ്ടി വന്ന ഒരേയൊരു യുദ്ധം എന്ന നിലയില്‍ 1921 ആഗസ്റ് 20-ന് പൂക്കോട്ടൂര്‍ യുദ്ധമായിരുന്നുവെന്ന് ഇംഗ്ളീഷുകാര്‍ വിശേഷണത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്. 1918-ല്‍ സ്ഥാപിക്കപ്പെട്ട പൂക്കോട്ടൂര്‍ ഓള്‍ഡ് പ്രൈമറി സ്കൂളാണ് ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പഴക്കമേറിയ വിദ്യാലയം. ആദ്യകാലം മുതല്‍ തന്നെ പഞ്ചായത്തിന്റെ വികസനത്തില്‍ പ്രധാന പങ്കു വഹിച്ച ഒന്നാണ് ഈ വഴി കടന്നു പോകുന്ന പ്രധാന റോഡുകളായ കോഴിക്കോട്-പാലക്കാട് റോഡും കോഴിക്കോട്-ഊട്ടി റോഡും.
Labels:
History of Pookkottur,
ചരിത്രം